മലയാള ബൈബിൾ വിജ്ഞാനീയരംഗത്തെ കുലപതിയും ഗുരുശ്രേഷ്ഠനുമായ റവ. ഡോ. മൈക്കിൾ കാരിമറ്റം ഇന്നലെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. തലശേരി അതിരൂപതാംഗമായ അദ്ദേഹത്തെ സീറോ മലബാർ സഭ മല്പാൻ പദവി നൽകി ആദരിച്ചിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി രോഗാവസ്ഥയിലായിരുന്ന മൈക്കിൾ അച്ചൻ കരുവഞ്ചാൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്പോഴാണ് മരണം സംഭവിച്ചത്. കേരളസഭ ആഗോള കത്തോലിക്കാ സഭയ്ക്ക് സമ്മാനിച്ച അപൂർവ ശ്രേഷ്ഠനായ പുരോഹിതനാണ് വിടപറഞ്ഞിരിക്കുന്നത്.
റോമിലെ ഉർബൻ യൂണിവേഴ്സിറ്റിയിൽനിന്ന് ദൈവശാസ്ത്രപഠനം പൂർത്തിയാക്കിയശേഷം 1968 ജൂണ് 29ന് പ്രൊപ്പഗാന്താ കോണ്ഗ്രിഗേഷന്റെ പ്രീഫെക്ടായിരുന്ന കർദിനാൾ അഗാജാനിയനിൽനിന്നാണ് ഫാ. കാരിമറ്റം പൗരോഹിത്യം സ്വീകരിച്ചത്. തുടർന്ന് റോമിലെ പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 1979ൽ വിശുദ്ധഗ്രന്ഥത്തിൽ ഉന്നതപഠനം പൂർത്തിയാക്കി. ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഡോക്ടറൽ ബിരുദം നേടിയ അപൂർവ്വം ഇന്ത്യക്കാരിൽ ഒരുവനായിരുന്നു അദ്ദേഹം. ചുരുങ്ങിയ നാളത്തെ അജപാലന ശുശ്രൂഷകൾക്കുശേഷം 1980 മുതൽ പിഒസിയിൽ കത്തോലിക്കാ ബൈബിൾ വിവർത്തന സമിതിയുടെ മുഖ്യ സംശോധകരിൽ ഒരാളായി നിയമിതനായി.
കേരള സഭയുടെ അഭിമാനമായി ഇന്നും ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠിതമായ പിഒസി മലയാളം ബൈബിളിന്റെ പിറവിയിൽ മൈക്കിളച്ചൻ സുപ്രധാനമായ പങ്കാണ് വഹിച്ചത്. വിശുദ്ധ ഗ്രന്ഥം മൈക്കിളച്ചന്റെ പാദങ്ങൾക്ക് വിളക്കും പാതയിലെ പ്രകാശവുമായി ജ്വലിച്ചുതുടങ്ങിയത് ഈ സംരംഭം മുതലാണ്. തുടർന്നുള്ള അച്ചന്റെ ജീവിതം മുഴുവനും വിശുദ്ധ ഗ്രന്ഥത്തെ ജനകീയമാക്കാനുള്ള നിതാന്ത പരിശ്രമങ്ങളായിരുന്നു. തലശേരി അതിരൂപതയുടെ ബൈബിൾ അപ്പോസ്തലേറ്റിന്റെ ഡയറക്ടറായി സേവനം ചെയ്ത 15 വർഷങ്ങൾ മലയാള ബൈബിൾ വിജ്ഞാനീയരംഗത്തെ ഐതിഹാസിക സംഭാവനകളുടെ കാലഘട്ടമായിരുന്നു. ഇടവകകൾ തോറും ബൈബിൾ കണ്വൻഷനുകൾ സംഘടിപ്പിച്ചും ബൈബിൾ സിനിമകൾ പ്രദർശിപ്പിച്ചും മലയോരത്തിന്റെ ഗ്രാമങ്ങളെ തിരുവചനത്തിന്റെ വിശുദ്ധ ഭൂമികകളാക്കി അച്ചൻ രൂപാന്തരപ്പെടുത്തി.
കുട്ടികളെ ബൈബിൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1984ൽ ബൈബിൾ ചിത്രകഥകൾ പ്രസിദ്ധീകരിക്കാൻ ആരംഭിച്ചു. 36 പേജുകൾ വീതമുള്ള 51 പുസ്തകങ്ങളാക്കി ബൈബിൾ മുഴുവൻ ചിത്രകഥകളിലൂടെ അവതരിപ്പിക്കുക എന്ന അദ്ഭുതാവഹമായ ദൗത്യം അസാധാരണമായ വൈഭവത്തോടെ അച്ചൻ പൂർത്തിയാക്കി. അമർ ചിത്രകഥകളുടെ കാലഘട്ടത്തിൽ ചിത്രകഥകളുടെ അനിതരസാധാരണമായ ആകർഷണശക്തി ഫലപ്രദമായി തിരിച്ചറിഞ്ഞു എന്നതായിരുന്നു മൈക്കിളച്ചന്റെ മഹത്വം.
ഭാരതത്തിലെ എല്ലാ പ്രധാന ഭാഷകളിലും ചൈനീസ് ഉൾപ്പെടെയുള്ള വിവിധ വിദേശ ഭാഷകളിലും ഈ ബൈബിൾ ചിത്രകഥകൾ പ്രസിദ്ധീകരിക്കാനിടയായി എന്നത് അച്ചന്റെ സർഗാത്മകതയ്ക്കും ക്രാന്തദർശിത്വത്തിനും കാലം കരുതിവച്ച സാക്ഷ്യമാണ്. വിശുദ്ധ ഗ്രന്ഥത്തെയും സഭാ വിശ്വാസത്തെയും ആധാരമാക്കി രചിച്ച നൂറിലേറെ ഗ്രന്ഥങ്ങൾ അച്ചന്റെ വിജ്ഞാനവൈഭവത്തിനും വിശുദ്ധ ഗ്രന്ഥ ഉപാസനയ്ക്കും നിതാന്ത സാക്ഷ്യങ്ങളാണ്. മലയാളത്തിലെ ആദ്യ സന്പൂർണ ബൈബിൾ കമന്ററിയായ ആൽഫാ ബൈബിൾ വ്യാഖ്യാനത്തിന്റെ മുഖ്യസംശോധകനും മൈക്കിളച്ചൻ തന്നെയായിരുന്നു. 1998 ഏപ്രിൽ നാലു മുതൽ ചാലക്കുടി ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ബൈബിൾ കോളജിന്റെ പ്രിൻസിപ്പൽ ആയി അച്ചൻ ശുശ്രൂഷ ചെയ്തുതുടങ്ങി. ആറാഴ്ചത്തെ ബൈബിൾ പഠന പരിപാടി ആരംഭിച്ചു. അല്മായർക്ക് ശാസ്ത്രീയമായി ദൈവവചനം പഠിക്കാനുള്ള ആദ്യസംരംഭമായി ഈ ബൈബിൾ കോഴ്സ് മാറി.
2000 മേയിൽ മൈക്കിളച്ചന്റെ തലച്ചോറിൽ രക്തസ്രാവമുണ്ടാകുകയും ജീവൻ കൈവിട്ടുപോകുന്ന സാഹചര്യമാണെന്ന് ഡോക്ടർമാർ വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ, അച്ചനിലൂടെ ഇനിയും അനേകം കാര്യങ്ങൾ നിറവേറ്റാനാഗ്രഹിച്ച ദൈവം അച്ചനെ കർമമണ്ഡലത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടർന്നുള്ള കാൽ നൂറ്റാണ്ട് അച്ചന്റെ ജീവിതം ഈ ദൈവനിയോഗത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടിയുള്ള സന്പൂർണ സമർപ്പണമായിരുന്നു.
തൃശൂർ മേരിമാതാ സെമിനാരിയിൽ ബൈബിൾ അധ്യാപകനായി മൈക്കിളച്ചൻ ചെയ്ത സേവനം കേരള സഭയ്ക്കു മുഴുവനും അനുഗ്രഹമായി. ഈ കാലഘട്ടത്തിൽ ജീവൻ ടിവിയിലും, മലയാളത്തിലും ഇംഗ്ലീഷിലുമായി ഡിവൈൻ ഗുഡ്നെസ് ടിവിയിലൂടെയും ശാലോം ടെലിവിഷനിലൂടെയും രണ്ടായിരത്തിലധികം ക്ലാസുകൾ അച്ചൻ സംപ്രേഷണം ചെയ്തു. ആയിരത്തോളം ലേഖനങ്ങൾ വിവിധ മാഗസിനുകളിൽ പ്രസിദ്ധീകരിച്ചു.
2022ൽ സീറോ മലബാർ സഭയുടെ സിനഡ് മല്പാൻ പദവി നൽകി മൈക്കിളച്ചനെ ആദരിച്ചു. വിശ്രമജീവിതത്തിന്റെ നാളുകളിലും പുസ്തകരചനയിലും ബൈബിൾ പ്രഭാഷണങ്ങളിലും മൈക്കിളച്ചൻ തന്റെ സമയം ചെലവഴിച്ചു. ദൈവവചനത്തെ ധ്യാനിച്ചും പ്രാർഥിച്ചും തിരുവചനമായിത്തീർന്ന ജീവിതമാണ് മൈക്കിളച്ചന്റേത്.
“കർത്താവ് എന്റെമേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് ഞാൻ എന്തു പകരം കൊടുക്കും, രക്ഷയുടെ പാനപാത്രമെടുത്ത് കർത്താവിന്റെ നാമം ഞാൻ വിളിച്ചപേക്ഷിക്കും” (സങ്കീ 116:12,13) എന്ന ദൈവവചനമായിരുന്നു മൈക്കിളച്ചന്റെ ആപ്തവാക്യം. കേരള സഭയെ ദൈവവചനത്തിന്റെ വെളിച്ചത്തിൽ നടക്കാൻ പഠിപ്പിച്ച ശ്രേഷ്ഠനായ പുരോഹിതനായിരുന്നു മൈക്കിളച്ചൻ.
ദൈവവചനത്തെ ഇത്രത്തോളം ജനകീയമാക്കിയ ഒരു പുരോഹിതൻ കേരള സഭയിൽ ഉണ്ടായിട്ടില്ല. ബൈബിൾ കഥാപാത്രങ്ങൾ സാധാരണക്കാരന്റെ മനസിൽ മിഴിവാർന്ന ചിത്രങ്ങളായി വരയ്ക്കാൻ മൈക്കിളച്ചനു കഴിഞ്ഞു. മലബാറിലെ ദൈവജനത്തിന് ദൈവവചനത്തോട് ഇത്രത്തോളം അടുപ്പവും സ്നേഹവും ഉണ്ടാകാൻ ഇടയായത് മൈക്കിളച്ചന്റെ സേവനങ്ങളാണ്. വിശുദ്ധ ഗ്രന്ഥമാകുന്ന അക്ഷയനിധിയിലേക്ക് ദൈവജനത്തെ നയിക്കാൻ മൈക്കിളച്ചന് പ്രത്യേക സിദ്ധിയുണ്ടായിരുന്നു.
തലശേരി അതിരൂപതയുടെ അഭിമാനമായ മൈക്കിളച്ചന് ലോകം മുഴുവൻ വചനത്തിന്റെ പ്രകാശം ചൊരിയാൻ കഴിഞ്ഞു. ആഴമായ ആധ്യാത്മികജീവിതം കൈമുതലാക്കിയ അച്ചന്റെ വിയോഗം നീതിമാന്റെ അവസാനത്തെക്കുറിച്ച് തിരുവചനം നൽകുന്ന പ്രബോധനം അന്വർഥമാക്കുന്നതായിരുന്നു. തന്റെ ദിവസങ്ങൾ പരിമിതമാണെന്നറിഞ്ഞപ്പോൾ ശാന്തതയോടെ മരണത്തിനായി അദ്ദേഹം ഒരുങ്ങി.
വിശുദ്ധ പൗലോസ് ശ്ലീഹാ പറഞ്ഞതുപോലെ “എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്” (ഫിലി 1:21) എന്ന തിരുവചനത്തിന്റെ അകപ്പൊരുൾ അദ്ദേഹം ഗ്രഹിച്ചിരുന്നു. കർത്താവു തന്റെ ഭവനത്തിലേക്ക് തന്നെ സ്വാഗതം ചെയ്യുന്ന സ്വർഗീയസ്വരം താൻ ശ്രവിക്കുന്നതായി അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരുന്നു. മരണത്തോടടുത്ത നാളുകളിൽ വൈദികർക്കും ദൈവജനത്തിനും എഴുതിയ കൃതജ്ഞതാ കുറിപ്പ് അച്ചന്റെ ആത്മീയതയുടെ ആഴവും സൗന്ദര്യവും വ്യക്തമാക്കുന്നതായിരുന്നു.
ദൈവം ഭരമേൽപിച്ച ദൗത്യങ്ങളോടുള്ള അചഞ്ചലമായ വിശ്വസ്തതയും മൂല്യബോധങ്ങളിലുള്ള അടിയുറച്ച നിലപാടും സമാനതകളില്ലാത്ത അധ്വാന ശേഷിയും അച്ചനെ കേരള സഭയുടെ പ്രവാചകശബ്ദമാക്കി മാറ്റി. വ്യക്തിപരമായ നഷ്ടങ്ങൾ ഗൗനിക്കാതെ സുവിശേഷത്തോട് പുലർത്തിയ വിശ്വസ്തത അച്ചന്റെ ആത്മീയതയുടെ തനത് സവിശേഷതയാണ്. വൈദികർക്കും വൈദികവിദ്യാർഥികൾക്കും സ്വയം പാഠപുസ്തകമായി മാറിയ മൈക്കിളച്ചന്റെ ഓർമകൾക്ക് ദൈവം നിത്യതയുടെ ശോഭ നൽകുമെന്ന് ഉറപ്പാണ്. അച്ചൻ ജനഹൃദയങ്ങളിൽ വിതച്ച വചനത്തിന്റെ വിത്തുകൾ നൂറുമേനി ഫലംകൊയ്യുന്ന നാളുകൾ വിദൂരമല്ല.